Wednesday, January 12, 2011

ഗ്രീഷ്മം

വേനലിന്‍റെ ശാപമേറ്റു വാങ്ങുന്ന
ഈ മധ്യാഹ്നങ്ങളും,
മധ്യാഹ്ന ചിന്തകള്‍
മനസ്സില്‍ നിറയ്ക്കുന്ന
അലസതയും,
ആലസ്യത്താല്‍
കനം വച്ച
മന്ദതയും
ആവര്‍ത്തനത്തിന്‍റെ
മടുപ്പുകോട്ടയില്‍
അനശ്ചിതത്വത്തെ
പുണര്‍ന്നിരിയ്ക്കുന്ന
ഭാവിയും,
അനന്തതയിലേയ്ക്കു
മിഴിയ്ക്കുന്ന
കണ്ണുകളും,
ശരീരം തളര്‍ന്നൊരു
മനസ്സും...
ചുമടുകള്‍ താങ്ങുന്ന
ഈ ജീവന്
ഒരു മോചനം
ഇനിയെന്ന്?

സൃഷ്ടി

പേറ്റു നോവേറ്റു പുളയുന്നു പാവം
സൃഷ്ടി കര്‍മത്തിന്നീറ്റില്ലത്തില്‍.
എത്രയനേകരെ പെറ്റുവെന്നാകിലും
സൃഷ്ടി തന്‍ നോവതസഹ്യമസഹ്യം!
ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമാശ്വാസത്തിനാ-
യെത്രയവസഥാ വിശേഷങ്ങളുള്‍ക്കൊണ്ടു!
ഉള്ളിലുറങ്ങി ക്കിടന്നൊരു ബീജമാ-
ണിന്ന് കൈകാല്‍കള്‍  മുളച്ചു തിമര്‍ക്കുന്നു!
ബാഹ്യലോകത്തിലെ വേനലില്‍ മങ്ങുവാ-
നേറ്റമൌത്സുക്യം ചവിട്ടിക്കുതിക്കുന്നു.
പാവമോ! നോവിന്നൊരാശ്വാസമേകുവാന്‍
ഭൂമി തന്‍ മാറില്‍ കിടക്കയാണാകാശ-
മാകും വായറ്റാട്ടി തന്നരികില്‍, നോവ-
കറ്റുന്ന തെന്നലിന്നാശ്ലേഷത്തില്‍.
ഒടുവിലാ നോവിന്നൊരന്തമേകിക്കൊ-
ണ്ടൊരാത്മദു:ഖത്തിന്‍ പ്രതിച്ഛായ  പിറക്കുന്നു!
ആത്മം പകര്‍ന്നതിന്നെ വളര്‍ത്തീടവേ-
യാത്മ ദു:ഖങ്ങളെങ്ങു മറഞ്ഞിടുന്നു?!
സൃഷ്ടി തന്‍ സൗന്ദര്യമാസ്വതിച്ചാത്മ-
സാഫല്യമേറ്റു തുടിയ്ക്കുന്നു മാനസം.
സൃഷ്ടികര്‍മത്തിന്‍റെ നോവുള്‍ത്ത്യജിച്ച്ചു കൊ-
ണ്ടാ കവിമനം ഗര്‍ഭം ധരിയ്ക്കുന്നു വീണ്ടും!
Monday, December 27, 2010

മനസ്സേ മടങ്ങുക

മനസ്സേ മടങ്ങു നീയാരെ പ്രതീക്ഷി-
ച്ചിരിപ്പൂയിനിയുമീയുമ്മറത്തിണ്ണയില്‍
എങ്ങോട്ടു പോകുന്നീ മൂവന്തി നേരത്തു
തോളിലൊതുങ്ങാത്തൊരോര്‍മ തന്‍ മാറാപ്പുമായ്?
വേദനിച്ചീടാം നിന്‍ മാനസമെങ്കിലും
പോരൂ തിരികെ നീയേറെ വൈകിക്കേണ്ട.
വിസ്മരിച്ചീടു നീയോമനിയ്ക്കും സ്മരണകള്‍
എല്ലാം വെറും മായയാണെന്നറിക നീ!
മൂവന്തി നേരത്തു ദീപം കൊളുത്തി നീ
വന്നിരുന്നഞ്ചാറു നാമം ജപിച്ചോളൂ.
ഒന്നുമുരിയാടിയില്ല നീയിനിയുമെന്‍
വാക്കുകളൊന്നും നീ കേട്ടതുമില്ലെന്നോ!
വേര്‍ പിരിയുന്നിതാ സന്ധ്യയും മൂകമായ്
എകയായിനിയുമങ്ങെന്തോര്‍ത്തിരിപ്പു നീ?
താരാഗണങ്ങളും കണ്ണു തുറന്നിതാ
മാനത്തിന്‍ മാറിലായ് പൂക്കളം തീര്‍ക്കുന്നു.
വേപഥു പൂണ്ടു നീയെന്തൊന്നു നോക്കുവാ-
നെന്തു നിന്‍ മിഴികളങ്ങാര്‍ദ്രമായീടുവാന്‍?
തിരയുന്നതാരെ നീ നക്ഷത്ര ലോകത്തില്‍
സ്നേഹാര്‍ദ്രമായൊരാ മിഴികളെയോ?!
എന്നോ പൊലിഞ്ഞൊരാ  സൗവര്‍ണ താരത്തെ-
യിനിയും നിന്നോര്‍മകള്‍ തേടിടുന്നോ!
വ്യര്‍ത്ഥമാണീ യാത്രയോമനേയിനിയു-
മെന്‍ വാക്കൊന്നു കേള്‍ക്കൂ തിരിച്ചു പോരൂ.
പാതിരാവായിനി പോരൂ എനിക്കെന്‍റെ-
യുമ്മറ വാതിലടച്ചിടേണ്ടെ.
മനസ്സേ മടങ്ങു നീയാരെയും കാക്കേണ്ടിനി-
യില്ല വരില്ലിനിയാരും വരില്ല.
**********************************************************

ഈയാംപാറ്റകള്‍

സമര്‍പ്പണം: എന്‍റെ കലാലയ ജീവിതം ധന്യമാക്കിയ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിന്.
വിദ്യാലയത്തോടു വിട ചൊല്ലിയെത്തി ഞാ-
നന്നാ കലാലയ ശ്രീകോവിലില്‍
വലതു കാല്‍ വച്ചു കയറി ഞാനാ മഹത്-
പുണ്യ പുരാതന സന്നിധിയില്‍
ആദരവോടെ തൊഴുതു വലം വച്ചു
വിദ്വല്‍ പ്രസാദവും കാത്തിരുന്നു.


എത്ര മഹാന്മാരെത്രയോ പൌരന്മാ-
രീയങ്കണം തന്നില്‍ നടന്നിരിയ്ക്കാം!
ഗാന്ധിജി നട്ടൊരു മാവുള്ള മുറ്റത്തു
ഗാന്ധി തന്‍ പദരേണു പൂണ്ടിരിയ്ക്കാം 
ഏറെ രസം തോന്നി കാലടിക്കീഴിലെ 
മണ്‍തരി ചൊല്ലും കഥകള്‍ കേള്‍ക്കാന്‍.


പതിയെയലിഞ്ഞൊരു ബിന്ദുവായ്‌ ഞാനുമാ
പൂങ്കാവനത്തിലെ പുതിയൊരു പുഷ്പമായ്,
പുതിയ ലോകത്തിന്‍റെ വിസ്മയവും കണ്ടു
കൂട്ടവും കൂടിയങ്ങുല്ലസിച്ചേറെ.


അവധി ദിനങ്ങളെത്തുമ്പോഴെന്നുള്ള-
മക്ഷമം കാത്തങ്ങിരുന്നവ തീരുവാന്‍
അത്ര മേല്‍ ചേര്‍ന്നു പോയെന്‍ മനമെത്രയും
ജീവന്‍ തുടിയ്ക്കും കലാശാലയില്‍! 


ആകെ തളിര്‍ത്ത മഹാഗണി വൃക്ഷങ്ങ-  
 ളേകി തണല്‍ പൂരമങ്കണത്തില്‍
ഏറെ വിശാലം പരന്നു കിടക്കുമാ
പച്ച പുതച്ച കളിക്കളങ്ങള്‍,
അതിലേയ്ക്കൊഴുകി യിറങ്ങുമാ തണവെഴും
പടവുകളെ പോലും സ്നേഹിച്ചിരുന്നു ഞാന്‍
ഭക്ഷണ, വായന ശാലകളും പിന്നെ-
യാത്മാവിന്‍ ഭാഗമാമിടനാഴികളും,
ഞങ്ങള്‍ക്കിരുന്നു 'പലവക'യോതുവാന്‍
ഹരിതമെഴുന്നൊരാ   മുറ്റങ്ങളും..
വിസ്മരിച്ചീടുമോ ജീവിതമാകുമീ
മഹാസാഗരത്തില്‍ മുങ്ങിയാലും!


നിര്‍ജ്ജീവമാകുന്നോരീ വകയോരോന്നു-
മിത്രയും ഹൃത്തിനെ കീഴ്പ്പെടുത്തീടുകില്‍
എന്തു പറയേണ്ടു ജീവനും തേജസ്സും
സ്നേഹവും ചേരും ഹൃദയങ്ങള്‍ തന്‍ കഥ!


അധ്യാപകരുണ്ട്, ശിപായികളും പിന്നെ-
യേറ്റം പ്രിയരാം സുഹൃത്തുക്കളുണ്ടതില്‍
വര്‍ത്തമാനങ്ങളും കൊച്ചു വിശേഷവും
പൊട്ടിച്ചിരിയുമാ നര്‍മങ്ങളും
ഒത്തു ചെരുന്നൊരാ സൗഹൃദ വേളകള്‍
മങ്ങാതെയുണ്ടിതെന്‍ നെഞ്ചിലിന്നും


ഇത്തിരി കൂടിയടുത്തവരും തമ്മില്‍
വേദനകള്‍ പങ്കു വയ്പവരും 
മഹാഗണിച്ചോട്ടിലുമിടനാഴി തന്നിലും
തമ്മില്‍ പ്രണയവുമായലയുന്നോരും
ആരുമായ് കൂടാതെയേകരായേതോ
സ്വപ്നലോകത്തിലലയുന്നവരുമു-
ണ്ടിത്തിരി വില്ലന്‍ പരിവേഷമണിയുവാ-
നൊത്തിരി കൃത്യങ്ങള്‍ ചെയ്തു കൂട്ടുന്നോരും
തിരഞ്ഞെടുപ്പെത്തവേ പ്രത്യക്ഷമാകുമാ 
ഖദറണിഞ്ഞെത്തുന്ന കുട്ടിനേതാക്കളും,
ഏവരേയുമൊരുപോലെ സ്നേഹിയ്ക്കും
പാഠമോതുന്നൊരദ്ധ്യാപകവൃന്ദവും..
ഒത്തൊരുമിച്ചങ്ങലിഞ്ഞു ചേര്‍ന്നപ്പോള്‍
സ്വര്‍ഗ്ഗമായ്, വസന്തോത്സവ മേളയായ്.


മേളയില്‍ മുങ്ങിയ നാളുകളോരോന്നായ്
വീണടിഞ്ഞോരോയിടനാഴി തന്നിലായ്‌
വിസ്മയിപ്പിക്കുമാ വര്‍ണങ്ങള്‍ മങ്ങിയ-
ങ്ങോരോരോ മൂലയില്‍ പോയൊളിച്ചു.
നാഴിക സൂചി തന്‍ വേഗത കണ്ടാവാം
ഞങ്ങളേറ്റം നടുങ്ങിയാ നാളുകളില്‍!
കുറിച്ചു യാത്രാമൊഴി തമ്മിലായേവരു-
മോരോരോ പുസ്തക ത്താളുകളില്‍
ഏതോ കവി തന്‍ വരികളെയുദ്ദരി-
ച്ചാരോകുറിച്ചിതെന്‍ താളതൊന്നില്‍
"വേര്‍ പിരിയാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കു വച്ചിടുന്നു"


സൗഹൃദ വേളകള്‍ നര്‍മരഹിതമായ്
നിശ്ചിത വേര്‍പാടിന്‍ ചിന്തകളാല്‍.
കണ്ണുനീര്‍ വാര്‍ത്തു ചിലര്‍, തെറ്റുകുറ്റങ്ങ-
ളേറ്റു പറഞ്ഞിനി വേറെ ചിലര്‍
അധ്വാനിച്ചീടുവാനുള്ളോരു കാലമായ്‌
പഠനാവധിക്കാലം വീണ്ടുമണയവേ
ആശംസയോതീ ഗുരുക്കന്മാര്‍ തന്‍ പ്രിയ 
ശിഷ്യരെ സാനുഗ്രഹം യാത്രയാക്കീ 
ചോരയില്‍ മുങ്ങിയ ഗുല്‍മോഹര്‍ വൃക്ഷങ്ങ- 
ളങ്കണം തന്നില്‍ ശോണിമ വളര്‍ത്തി.
യാത്ര ചൊല്ലീടവേ ഞങ്ങള്‍ തന്‍ നെഞ്ചിലെ
രക്തവുമതിലായ് പടര്‍ന്നൊഴുകി
ഇലകള്‍ പൊഴിച്ചു വിതുമ്പും മഹാഗണി 
വൃക്ഷങ്ങള്‍ ഞങ്ങളോടൊത്തു ചേര്‍ന്നു 
എന്തിന്നു നിങ്ങളിലകള്‍  പൊഴിയ്ക്കുന്നു
വോരോ ശിശിരമണയുമ്പൊഴും
ഞങ്ങള്‍ ചൊല്ലുന്നൊരാ  യാത്രാമൊഴിയിലെ
കണ്ണീരിന്നാര്‍ദ്രത കൂട്ടിടാനോ?


വസന്തമിനിയുമണയു, മിനിയും
തളിരിടും നിങ്ങള്‍ തന്‍ ശാഖികളും 
കാലമിനിയുമൊരുങ്ങി വന്നെത്തിടു-
മീയങ്കണത്തില്‍ കടും നിറച്ചാര്‍ത്തുമായ്
സൗഹൃദ വേളകള്‍ വീണ്ടുമണഞ്ഞിടു-
മുല്‍സവ വേളകള്‍ വീണ്ടുമരങ്ങേറും
ശിശിരമണഞ്ഞാ വേളയോരോന്നിലും
ചേര്‍ത്തിടും വേര്‍പാടിന്‍ നൊമ്പരങ്ങള്‍
അപ്പൊഴും നിങ്ങളിലകള്‍ പൊഴിച്ചിടു-
മിക്കഥയെന്നും തുടര്‍ന്നു പോരും!
കാലത്തിന്‍ സാക്ഷിയായ് കാവലായ് മേവുക
നിങ്ങളീയങ്കണം തന്നില്‍ ചിരകാലം!   
        *****************

9/9/12  - വാല്‍ക്കഷ്ണം:  ഈ കവിത യൂണിയന്‍ കൃസ്ത്യന്‍ കോളേജിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഓര്‍മക്കൂട്ട്' (vignettes of UCC) എന്ന പുസ്തകത്തില്‍ അച്ചടിച്ചു  വന്നതില്‍ അതിയായി                 സന്തോഷിക്കുന്നു.

  

Thursday, October 7, 2010

നൂറു മേനി

സ്നേഹമാം ഭൂമിയില്‍
സ്വപ്നം വിതച്ചതിന്‍
വിളവും കിനാക്കണ്ട്‌
കാത്തിരിപ്പാണൊരാള്‍.

വളമിട്ടു നനച്ചതിന്‍
കളകള്‍ പറിച്ചുമാള്‍ 
സ്വപ്‌നങ്ങള്‍ കൊയ്യുവാന്‍
കാത്തിരുന്നു.

കാക്കുന്ന നേരത്തും
ഭാവിയില്‍ പാവാ-
നോരായിരം സ്വപ്‌നങ്ങള്‍
കൂട്ടി വച്ചു.

കാലമായില്ലതിന്‍
മുന്‍പേ വിളഞ്ഞുവാ
സ്വപ്‌നങ്ങള്‍ ദുഖമായ്‌
നൂറു മേനി!

ദുഃഖങ്ങള്‍ കൊയ്തു-
ള്ളറയില്‍  നിറച്ചയാള്‍
കണ്ണുനീര്‍ കൊണ്ടതിന്‍
ചുറ്റും കിടങ്ങിട്ടു.

തിളയ്ക്കുമാ കണ്ണീരില്‍  
ദുഃഖങ്ങള്‍ വേവിച്ച -
യാളതിന്‍ മുന്നില്‍
മരിച്ചു വീണു.. 
ഏറും വിശാപ്പല്‍
മരിച്ചു വീണു!

Sunday, October 3, 2010

സമാന്തരങ്ങള്‍

ഇവിടെയീ നിശബ്ദതയില്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍
വിസ്മൃതിയപഹരിയ്ക്കാത്ത സ്മൃതികള്‍
കാലപ്പഴക്കത്തിന്‍റെ ഊന്നുവടിയും കുത്തി
നരച്ച ഭിത്തികളുള്ള
ഹൃദയക്ഷേത്രം പ്രദക്ഷിണം വയ്ക്കുമ്പോള്‍
എങ്ങും എത്താത്ത ചിന്തകള്‍
വീണ്ടും
അനന്തതയിലേയ്ക്ക് നീളുമ്പോള്‍....
അവയുടെ പ്രതിഫലനം  
ഹൃദയത്തില്‍
നിഴല്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍...
ചിത്രങ്ങള്‍ നീണ്ടു നീണ്ട്
രണ്ടു സമാന്തരങ്ങളായി
പരിണമിയ്ക്കുമ്പോള്‍..
പതിവ് പോലെ
ഇന്നും
ഒരു തുള്ളി
കണ്ണുനീര്‍
വീണു ചിതറുന്നു.