പൊയ്പ്പോയ ബാല്യമോരായിരം പൊന്‍നിറ-
ച്ചെപ്പുകള്‍ തട്ടിമറിച്ചൊരീ കുഗ്രാമം
കല്‍ക്കരി വണ്ടികള്‍ പായുന്ന പാളത്തി-
നോരത്തിലേറെ പഴയൊരാ വീട്..
ഓണം, വിഷുവും ക്രിസ്തുമസ് പിന്നെയു
മെത്രയവധികളങ്ങനെ വന്നുപോ-
യുല്ലാസമായിക്കടന്നുപോയ് നാളുകൾ
ഇന്നലെയെന്നതു പോലെയാണിപ്പോഴും!
ഓരോയവധിയ്ക്കും കുട്ടികള്‍ ഞങ്ങളെ
കാത്തിരിയ്ക്കുമച്ഛാച്ചനുണ്ട്.
മാമ്പഴ,മുപ്പേരിയൊക്കെയായ് കുട്ട്യോളെ
നോക്കിയിരിയ്ക്കുമച്ഛമ്മയുണ്ട്
ഞങ്ങളുറങ്ങാന്‍ കിടന്നാലരികത്തു -
റങ്ങാതെ കാവലിരിയ്ക്കുമച്ഛാച്ചന്‍
കാലു തടവിത്തലോടി യെല്ലാരേ-
മുറക്കിയാല്‍ മാത്രമുറങ്ങുമച്ഛാച്ചന്‍
കോണിപ്പടിമേലബദ്ധം പിണഞ്ഞെങ്ങാന്‍
കുട്ട്യോളു വീഴാതെ കാക്കുമച്ഛാച്ചന്‍.
കാലത്തു പല്ലൊന്നു തേയ്ക്കുവാന്‍ പോലും
കാക്കാതെ ഞങ്ങൾ കഥയ്കായണയവെ
യച്ഛാച്ചൻ ചൊല്ലുന്നു"വെന്റെ കുട്ട്യോളെ,
വെറുംവയറ്റില്‍ കഥ കേട്ടാല്‍ ദഹിക്കില്യ."
അച്ഛമ്മയെപ്പൊഴും വീടിന്നകങ്ങളില്‍
മാത്രമൊതുങ്ങിടും സ്നേഹനിലാവു പോല്‍
ഭൂമിയ്ക്കു നോവാതെ കാക്കുവാനെന്നപോ-
ലൊച്ചയില്ലാതെ നടക്കുമച്ഛമ്മ.
പിന്നെ..
സന്ധ്യയ്ക്കു ഞങ്ങളെ "തെണ്ടീസ"ടിയ്ക്കുവാ-
നങ്ങാടീല്‍ കൊണ്ടോവാന്‍ വല്യച്ഛനുണ്ട്,
മാവിന്മേലൂഞ്ഞാലു കെട്ടുവാനമ്മാവ-
നുണ്ടിളനീരൊന്നിട്ടുതരുവാനും.
ഓണത്തിനോണക്കോടിയുണ്ടെല്ലാര്‍ക്കു-
മുച്ചയ്ക്കു പൊന്നോണ സദ്യയുണ്ട്,
മേലാകെ പച്ചില വാരി പുതച്ചു കൊ-
ണ്ടെത്തുന്ന കുമ്മാട്ടിക്കൂട്ടരുണ്ട്
പാതിരാ നേരത്തു നാളികേരം കൊട്ടീ-
ട്ടമ്മാവന്‍ ചൊല്ലുന്നിപ്പോള്‍ വരും മാവേലി!
അക്കളി വിശ്വസിച്ചെത്രയോണങ്ങള്‍ ഞങ്ങള്‍
മാവേലിയെക്കാത്തുറങ്ങാതിരുന്നു!
കൂമ്പാളത്തൊപ്പിയും പഞ്ഞി തന്‍ താടിയും വ-
ച്ചെത്തുന്നു പപ്പാനി ക്രിസ്തുമസ് നാളില്‍.
കണി കണ്ടുണരുന്ന മേടവിഷുവിന്
കൈനീട്ടമെല്ലാര്‍ക്കും കൈ നിറയേ.
ഓരോയവധിയും തീരവേ ഞങ്ങള്‍
മടക്കയാത്രയ്ക്കൊരുങ്ങുകയായ്
ഈറന്‍ മിഴിയും, മനസ്സുമായ് മൂകമായ്
ചാരുകസേരയില്‍ ചായുന്നുവച്ഛാച്ചന്‍,
യാത്ര ചോദിക്കവേ ചൊല്ലുന്നു, "വെല്ലാരു-
മിട്ടേച്ചു പോകയാണച്ഛാച്ചനെ"
പിന്നില്‍ വിതുമ്പും മുഖവുമായച്ഛമ്മ
നില്‍ക്കുന്നു ഞങ്ങള്‍ നടന്നകലും വരെ
മറ്റൊരവധിയണയുവാനുള്ളോരു
കാത്തിരിപ്പായവര്‍ മാറുന്നു പിന്നെയും.
സ്വപ്നമായെങ്ങോ മറഞ്ഞു പോയെല്ലാം
ബാല്യവും ഞങ്ങളില്‍ നിന്നകന്നു
ഇന്നൂഞ്ഞാലതില്ല, കുമമാട്ടിയില്ല,
പൂത്തിരിയില്ല, മത്താപ്പുമില്ല,
കൈനീട്ടമില്ലോണക്കോടിയില്ല,
കുട്ടിത്തം ഞങ്ങളിലൊട്ടുമില്ല.
അവധിയക്കു ഞങ്ങളെ കാത്തിരിയ്ക്കാനി-
ന്നച്ഛാച്ചനുമില്ലയച്ച്ഛമ്മയില്ല,
തെക്കേ വളപ്പിലെ പുളിമരച്ചോട്ടിലെ-
യാറടി മണ്ണിലുറങ്ങുന്നിരുവരും.
ശേഷമുള്ളതിന്നാരുമണയാത്തൊ-
രാ ഗൃഹം മാത്രമപശകുനം പോലെ!
ഇത്ര വളരേണ്ടിയില്ലായിരുന്നുവെ-
ന്നിന്നെന്‍ മനം വൃഥാ ഗദ്ഗദം കൊള്ളുന്നു..