Monday, December 27, 2010

മനസ്സേ മടങ്ങുക

മനസ്സേ മടങ്ങു നീയാരെ പ്രതീക്ഷി-
ച്ചിരിപ്പൂയിനിയുമീയുമ്മറത്തിണ്ണയില്‍
എങ്ങോട്ടു പോകുന്നീ മൂവന്തി നേരത്തു
തോളിലൊതുങ്ങാത്തൊരോര്‍മ തന്‍ മാറാപ്പുമായ്?
വേദനിച്ചീടാം നിന്‍ മാനസമെങ്കിലും
പോരൂ തിരികെ നീയേറെ വൈകിക്കേണ്ട.
വിസ്മരിച്ചീടു നീയോമനിയ്ക്കും സ്മരണകള്‍
എല്ലാം വെറും മായയാണെന്നറിക നീ!
മൂവന്തി നേരത്തു ദീപം കൊളുത്തി നീ
വന്നിരുന്നഞ്ചാറു നാമം ജപിച്ചോളൂ.
ഒന്നുമുരിയാടിയില്ല നീയിനിയുമെന്‍
വാക്കുകളൊന്നും നീ കേട്ടതുമില്ലെന്നോ!
വേര്‍ പിരിയുന്നിതാ സന്ധ്യയും മൂകമായ്
എകയായിനിയുമങ്ങെന്തോര്‍ത്തിരിപ്പു നീ?
താരാഗണങ്ങളും കണ്ണു തുറന്നിതാ
മാനത്തിന്‍ മാറിലായ് പൂക്കളം തീര്‍ക്കുന്നു.
വേപഥു പൂണ്ടു നീയെന്തൊന്നു നോക്കുവാ-
നെന്തു നിന്‍ മിഴികളങ്ങാര്‍ദ്രമായീടുവാന്‍?
തിരയുന്നതാരെ നീ നക്ഷത്ര ലോകത്തില്‍
സ്നേഹാര്‍ദ്രമായൊരാ മിഴികളെയോ?!
എന്നോ പൊലിഞ്ഞൊരാ  സൗവര്‍ണ താരത്തെ-
യിനിയും നിന്നോര്‍മകള്‍ തേടിടുന്നോ!
വ്യര്‍ത്ഥമാണീ യാത്രയോമനേയിനിയു-
മെന്‍ വാക്കൊന്നു കേള്‍ക്കൂ തിരിച്ചു പോരൂ.
പാതിരാവായിനി പോരൂ എനിക്കെന്‍റെ-
യുമ്മറ വാതിലടച്ചിടേണ്ടെ.
മനസ്സേ മടങ്ങു നീയാരെയും കാക്കേണ്ടിനി-
യില്ല വരില്ലിനിയാരും വരില്ല.
**********************************************************

2 comments: