Monday, December 27, 2010

ഈയാംപാറ്റകള്‍

സമര്‍പ്പണം: എന്‍റെ കലാലയ ജീവിതം ധന്യമാക്കിയ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിന്.
വിദ്യാലയത്തോടു വിട ചൊല്ലിയെത്തി ഞാ-
നന്നാ കലാലയ ശ്രീകോവിലില്‍
വലതു കാല്‍ വച്ചു കയറി ഞാനാ മഹത്-
പുണ്യ പുരാതന സന്നിധിയില്‍
ആദരവോടെ തൊഴുതു വലം വച്ചു
വിദ്വല്‍ പ്രസാദവും കാത്തിരുന്നു.


എത്ര മഹാന്മാരെത്രയോ പൌരന്മാ-
രീയങ്കണം തന്നില്‍ നടന്നിരിയ്ക്കാം!
ഗാന്ധിജി നട്ടൊരു മാവുള്ള മുറ്റത്തു
ഗാന്ധി തന്‍ പദരേണു പൂണ്ടിരിയ്ക്കാം 
ഏറെ രസം തോന്നി കാലടിക്കീഴിലെ 
മണ്‍തരി ചൊല്ലും കഥകള്‍ കേള്‍ക്കാന്‍.


പതിയെയലിഞ്ഞൊരു ബിന്ദുവായ്‌ ഞാനുമാ
പൂങ്കാവനത്തിലെ പുതിയൊരു പുഷ്പമായ്,
പുതിയ ലോകത്തിന്‍റെ വിസ്മയവും കണ്ടു
കൂട്ടവും കൂടിയങ്ങുല്ലസിച്ചേറെ.


അവധി ദിനങ്ങളെത്തുമ്പോഴെന്നുള്ള-
മക്ഷമം കാത്തങ്ങിരുന്നവ തീരുവാന്‍
അത്ര മേല്‍ ചേര്‍ന്നു പോയെന്‍ മനമെത്രയും
ജീവന്‍ തുടിയ്ക്കും കലാശാലയില്‍! 


ആകെ തളിര്‍ത്ത മഹാഗണി വൃക്ഷങ്ങ-  
 ളേകി തണല്‍ പൂരമങ്കണത്തില്‍
ഏറെ വിശാലം പരന്നു കിടക്കുമാ
പച്ച പുതച്ച കളിക്കളങ്ങള്‍,
അതിലേയ്ക്കൊഴുകി യിറങ്ങുമാ തണവെഴും
പടവുകളെ പോലും സ്നേഹിച്ചിരുന്നു ഞാന്‍
ഭക്ഷണ, വായന ശാലകളും പിന്നെ-
യാത്മാവിന്‍ ഭാഗമാമിടനാഴികളും,
ഞങ്ങള്‍ക്കിരുന്നു 'പലവക'യോതുവാന്‍
ഹരിതമെഴുന്നൊരാ   മുറ്റങ്ങളും..
വിസ്മരിച്ചീടുമോ ജീവിതമാകുമീ
മഹാസാഗരത്തില്‍ മുങ്ങിയാലും!


നിര്‍ജ്ജീവമാകുന്നോരീ വകയോരോന്നു-
മിത്രയും ഹൃത്തിനെ കീഴ്പ്പെടുത്തീടുകില്‍
എന്തു പറയേണ്ടു ജീവനും തേജസ്സും
സ്നേഹവും ചേരും ഹൃദയങ്ങള്‍ തന്‍ കഥ!


അധ്യാപകരുണ്ട്, ശിപായികളും പിന്നെ-
യേറ്റം പ്രിയരാം സുഹൃത്തുക്കളുണ്ടതില്‍
വര്‍ത്തമാനങ്ങളും കൊച്ചു വിശേഷവും
പൊട്ടിച്ചിരിയുമാ നര്‍മങ്ങളും
ഒത്തു ചെരുന്നൊരാ സൗഹൃദ വേളകള്‍
മങ്ങാതെയുണ്ടിതെന്‍ നെഞ്ചിലിന്നും


ഇത്തിരി കൂടിയടുത്തവരും തമ്മില്‍
വേദനകള്‍ പങ്കു വയ്പവരും 
മഹാഗണിച്ചോട്ടിലുമിടനാഴി തന്നിലും
തമ്മില്‍ പ്രണയവുമായലയുന്നോരും
ആരുമായ് കൂടാതെയേകരായേതോ
സ്വപ്നലോകത്തിലലയുന്നവരുമു-
ണ്ടിത്തിരി വില്ലന്‍ പരിവേഷമണിയുവാ-
നൊത്തിരി കൃത്യങ്ങള്‍ ചെയ്തു കൂട്ടുന്നോരും
തിരഞ്ഞെടുപ്പെത്തവേ പ്രത്യക്ഷമാകുമാ 
ഖദറണിഞ്ഞെത്തുന്ന കുട്ടിനേതാക്കളും,
ഏവരേയുമൊരുപോലെ സ്നേഹിയ്ക്കും
പാഠമോതുന്നൊരദ്ധ്യാപകവൃന്ദവും..
ഒത്തൊരുമിച്ചങ്ങലിഞ്ഞു ചേര്‍ന്നപ്പോള്‍
സ്വര്‍ഗ്ഗമായ്, വസന്തോത്സവ മേളയായ്.


മേളയില്‍ മുങ്ങിയ നാളുകളോരോന്നായ്
വീണടിഞ്ഞോരോയിടനാഴി തന്നിലായ്‌
വിസ്മയിപ്പിക്കുമാ വര്‍ണങ്ങള്‍ മങ്ങിയ-
ങ്ങോരോരോ മൂലയില്‍ പോയൊളിച്ചു.
നാഴിക സൂചി തന്‍ വേഗത കണ്ടാവാം
ഞങ്ങളേറ്റം നടുങ്ങിയാ നാളുകളില്‍!
കുറിച്ചു യാത്രാമൊഴി തമ്മിലായേവരു-
മോരോരോ പുസ്തക ത്താളുകളില്‍
ഏതോ കവി തന്‍ വരികളെയുദ്ദരി-
ച്ചാരോകുറിച്ചിതെന്‍ താളതൊന്നില്‍
"വേര്‍ പിരിയാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കു വച്ചിടുന്നു"


സൗഹൃദ വേളകള്‍ നര്‍മരഹിതമായ്
നിശ്ചിത വേര്‍പാടിന്‍ ചിന്തകളാല്‍.
കണ്ണുനീര്‍ വാര്‍ത്തു ചിലര്‍, തെറ്റുകുറ്റങ്ങ-
ളേറ്റു പറഞ്ഞിനി വേറെ ചിലര്‍
അധ്വാനിച്ചീടുവാനുള്ളോരു കാലമായ്‌
പഠനാവധിക്കാലം വീണ്ടുമണയവേ
ആശംസയോതീ ഗുരുക്കന്മാര്‍ തന്‍ പ്രിയ 
ശിഷ്യരെ സാനുഗ്രഹം യാത്രയാക്കീ 
ചോരയില്‍ മുങ്ങിയ ഗുല്‍മോഹര്‍ വൃക്ഷങ്ങ- 
ളങ്കണം തന്നില്‍ ശോണിമ വളര്‍ത്തി.
യാത്ര ചൊല്ലീടവേ ഞങ്ങള്‍ തന്‍ നെഞ്ചിലെ
രക്തവുമതിലായ് പടര്‍ന്നൊഴുകി
ഇലകള്‍ പൊഴിച്ചു വിതുമ്പും മഹാഗണി 
വൃക്ഷങ്ങള്‍ ഞങ്ങളോടൊത്തു ചേര്‍ന്നു 
എന്തിന്നു നിങ്ങളിലകള്‍  പൊഴിയ്ക്കുന്നു
വോരോ ശിശിരമണയുമ്പൊഴും
ഞങ്ങള്‍ ചൊല്ലുന്നൊരാ  യാത്രാമൊഴിയിലെ
കണ്ണീരിന്നാര്‍ദ്രത കൂട്ടിടാനോ?


വസന്തമിനിയുമണയു, മിനിയും
തളിരിടും നിങ്ങള്‍ തന്‍ ശാഖികളും 
കാലമിനിയുമൊരുങ്ങി വന്നെത്തിടു-
മീയങ്കണത്തില്‍ കടും നിറച്ചാര്‍ത്തുമായ്
സൗഹൃദ വേളകള്‍ വീണ്ടുമണഞ്ഞിടു-
മുല്‍സവ വേളകള്‍ വീണ്ടുമരങ്ങേറും
ശിശിരമണഞ്ഞാ വേളയോരോന്നിലും
ചേര്‍ത്തിടും വേര്‍പാടിന്‍ നൊമ്പരങ്ങള്‍
അപ്പൊഴും നിങ്ങളിലകള്‍ പൊഴിച്ചിടു-
മിക്കഥയെന്നും തുടര്‍ന്നു പോരും!
കാലത്തിന്‍ സാക്ഷിയായ് കാവലായ് മേവുക
നിങ്ങളീയങ്കണം തന്നില്‍ ചിരകാലം!   
        *****************

9/9/12  - വാല്‍ക്കഷ്ണം:  ഈ കവിത യൂണിയന്‍ കൃസ്ത്യന്‍ കോളേജിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഓര്‍മക്കൂട്ട്' (vignettes of UCC) എന്ന പുസ്തകത്തില്‍ അച്ചടിച്ചു  വന്നതില്‍ അതിയായി                 സന്തോഷിക്കുന്നു.

  

14 comments:

 1. wow!! collegilekk thirichu poyi kure neram!! nalla bhasha..

  ReplyDelete
 2. Happy to know that this poem is published in the Smaranika of Union Christian College, Navathi Nostalgia.

  ReplyDelete
 3. Wordsworth said that poetry is the spontaneous overflow of powerful emotions. I could feel it here.

  Keats said that melodies heard are sweet, those unheard are sweeter. I expect the same in future from the poetess.

  Navaneeth

  ReplyDelete
 4. Hi Girija,
  Thanks for visiting my page!
  Your blog is mentioned in this post.
  http://arielintekurippukal.blogspot.in/2014/02/blog-post.html
  Best Regards

  ReplyDelete
  Replies
  1. Thank you very much for mentioning my blog in your's. Recently only I noticed that one of my blog friends Mrs. Ann is your wife. Thanks to you and Mrs. Ann.

   Delete
 5. നല്ല താളത്തോടെ വായിക്കാവിന്ന ഒരു നല്ല കവിത...

  ReplyDelete
 6. ഓർമ്മകള്ക്കെന്ത് സുഗന്ധം   എന്ന് ആരാണ്ട് പറഞ്ഞതെത്ര ശരിയാ അല്ലെ?  പക്ഷെ പഠിക്കുന്ന കാലത് അതെല്ലാം കഴിഞ്ഞ് അവിടന്ന് പോകണം എന്നായിരുന്നു ചിന്ത. പോയിക്കാഴിഞ്ഞപ്പോൾ ആഹാ അതെത്ര സുന്ദരമായിരുന്നു എന്നും

  ReplyDelete
 7. Chandu Nair, Muralee Mukundan, India Heritage : Thank you friends for spending time to read this.

  ReplyDelete
 8. തളിരിടട്ടേ കലാലയ ശാഖികൾ..

  ആശംസകൾ!

  ReplyDelete
 9. തളിരിടട്ടേ കലാലയശാഖികൾ.

  ആശംസകൾ!!

  ReplyDelete
 10. Girija, veendum orikkalkkoodi ivideyethi viseshangal arivaan,
  Nammude mithrangal yellaarum udallo.
  Namaskaaram yevarkkum.

  ReplyDelete